ഹൈലൈറ്റ്:
മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം
വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം
പൗരത്വമില്ലാത്ത രണ്ട് വിഭാഗങ്ങളെ സൗദികളായി കണക്കാക്കും
റിയാദ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള നിത്വാഖാത്ത് വ്യവസ്ഥകള്‍ കണക്കാക്കുമ്പോള്‍ രാജ്യത്തെ വിദേശ നിക്ഷേപകരെ സൗദികളായി കണക്കാക്കും. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദേശ നിക്ഷേപകരെ രാജ്യത്തെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണിത്.
സൗദിയില്‍ സ്വകാര്യ സ്ഥാപന ഉടമസ്ഥാവകാശത്തിനും നിക്ഷേപത്തിനും അനുമതിയുള്ള വിദേശികളെയാണ് നിത്വാഖാത്തില്‍ സ്വദേശിയായി പരിഗണിക്കുക. സ്ഥാപനത്തിലെ സൗദിവത്കരണത്ത തോത് കണക്കാക്കുമ്പോള്‍ സൗദികള്‍ക്ക് തുല്യമായിരിക്കും ഇവര്‍.
നിതാഖാത്ത് പ്രോഗ്രാമില്‍ സൗദികളല്ലാത്ത രണ്ട് വിഭാഗങ്ങളെ സൗദികളായി കണക്കാക്കുന്നതിന് മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. വിദേശ ഭര്‍ത്താവില്‍ നിന്ന് സൗദി വനിതയ്ക്ക് ജനിച്ച മക്കളെയും സൗദി പൗരന്റെ വിദേശ ഭാര്യക്കോ വിധവക്കോ ജനിച്ച മക്കളെയും നിതാഖാത്ത് വ്യവസ്ഥയില്‍ സൗദികളായി പരിഗണിക്കും.
വിദൂരമായി ജോലി ചെയ്യുന്ന സൗദി പൗരന്മാരെ സ്ഥിരം സൗദി ജീവനക്കാര്‍ക്ക് തുല്യമായി പരിഗണിക്കും. സൗദിവത്കരണത്തിന്റെ ശതമാനം കണക്കാക്കുമ്പോള്‍ കുടിയിറക്കപ്പെട്ട ഗോത്രങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ജിസിസിയിലെ കായിക താരങ്ങള്‍ എന്നിവരെ സൗദികള്‍ക്ക് തുല്യമായി പരിഗണിക്കുമെന്നും ഖിവ പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു.
സൗദിയില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള പലസ്തീനികള്‍, ബലൂചികള്‍ എന്നീ വിഭാഗങ്ങളെ സൗദിവത്കരണത്തിന്റെ ശതമാനം കണക്കാക്കുമ്പോള്‍ ഇളവുണ്ടാവും. ഈ വിഭാഗത്തിലുള്ള നാല് പേരെ ജോലിക്ക് വച്ചാല്‍ ഒരു വിദേശിയായി (0.25 എന്ന അനുപാതത്തില്‍) മാത്രമാണ് കണക്കാക്കുക.
മ്യാന്‍മര്‍, ബര്‍മ നിവാസികള്‍ക്കും പ്രവാസി തൊഴിലാളികളുടെ സാധാരണ ശതമാനത്തിന്റെ 0.25 എന്ന നിരക്കില്‍ കണക്കാക്കി ഇളവ് നല്‍കും. എന്നാല്‍, മക്കയിലും മദീനയിലും താമസിക്കുന്ന ബര്‍മീസ് പൗരന്മാരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷവും പുരോഗതിയും മത്സരശേഷിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനുമാണ് നിക്ഷേപകര്‍ക്ക് ഇളവ് നല്‍കുന്നത്. 2022 അവസാനത്തോടെ നേരിട്ടുള്ള വിദേശ നിക്ഷേപം 105 ബില്യണ്‍ റിയാലിലെത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21.4 ശതമാനം വര്‍ധനവാണിത്. വിദേശ നിക്ഷേപം വര്‍ധിപ്പിക്കല്‍ സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വളരെ പ്രധാനമാണ്.
relaxation in Nitaqat; Foreign investors will be treated as Saudis